ഇമാം ഗസ്സാലി

ഇമാം ഗസ്സാലി

മുസ്‌ലിം ദൈവശാസ്ത്ര വിശാരദനും ആത്മജ്ഞാനിയുമായിരുന്ന ഇമാം ഗസ്സാലി എ.ഡി 1058 ൽ കിഴക്കൻ ഇറാനിലെ തൂസിൽ ജനിച്ചു. അബൂ ഹാമിദ് മുഹമ്മദ് ബിൻ മുഹമ്മദ് അത്തൂസി അൽ ഗസ്സാലി എന്ന് പൂർണ്ണ നാമം. ചെറുപ്പത്തിൽതന്നെ പിതാവ് മരണപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രക്ഷിതാക്കൾ ഗസ്സാലിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി. തൂസിൽനിന്നുതന്നെയായിരുന്നു പഠനത്തിന്റെ ആരംഭം. ശേഷം, ജുർജാനിലേക്കും നിശാപൂരിലേക്കും പോയി. നിശാപൂരിൽ അന്നത്തെ വിഖ്യാത പണ്ഡിതൻ അൽ ജുവൈനിയിൽനിന്നാണ് വിദ്യ സ്വീകരിച്ചിരുന്നത്. തന്റെ ധൈഷണിക പ്രഭാവം തിരിച്ചറിഞ്ഞ അബ്ബാസീ ഭരണാധികാരി നിസാമുൽ മുൽക്ക് 33 -ാമത്തെ വയസ്സിൽതന്നെ ഗസ്സാലിയെ ബാഗ്ദാദിലെ നിസാമിയ്യാ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി നിയമിച്ചു. അന്ന് മുസ്‌ലിംലോകത്തെ ഏറെ പ്രസിദ്ധമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. യവന തത്ത്വചിന്ത ഗസ്സാലിയെയും നല്ലപോലെ സ്വാധീനിച്ചിരുന്നു. തന്റെ വിഖ്യാതമായ നാൽപതോളം ഗ്രന്ഥങ്ങൾക്കിടയിൽ, ഇസ്മാഈലീ ചിന്താഗതികളെ എതിർക്കാനാണ് ഗസ്സാലീ തന്റെ പല രചനകളും നടത്തിയിരുന്നത്. അതിൽ ഏറെ ശ്രദ്ധേയമാണ് ഫളാഇഹുൽ ബാഥിനിയ്യ വ ഫളാഇലുൽ മുസ്തസ്ഹിരിയ്യ എന്ന കൃതി. കിത്താബുൽ മുസ്തസ്ഹിരി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ബാഗ്ദാദിൽ അദ്ധ്യാപകനായതിന്റെ വർഷങ്ങൾക്കു ശേഷം, ഗസ്സാലിയുടെ മനസ്സിനെ ചിന്താപരമായ ആശയക്കുഴപ്പം പിടികൂടി. ഇതിന്റെ അനന്തരഫലമെന്നോണമാണ് തത്ത്വചിന്തയെ ആഴത്തിൽ പഠിക്കാൻ അദ്ദേഹം തുനിയുന്നത്. തന്നെ നേരിട്ട ധൈഷണിക പ്രതിസന്ധിക്ക് പരിഹാരമായി യാതൊന്നും അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉത്തരമില്ലാത്ത അനന്തമായ ചോദ്യങ്ങളുടെ, മതകീയമായ ഒരു കൊടുങ്കാറ്റുതന്നെ തന്നെ പിന്തുടരുന്നതായി അദ്ദേഹത്തിന് തോന്നി. ഈയൊരു സമരാത്മകമായ ഘട്ടം ചില മാനസിക പ്രതിസന്ധിയിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും തന്റെ ജോലിയിൽനിന്നും രാജിവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകുയും ചെയ്തു. ശേഷം, സ്വന്തം കുടുംബത്തെപ്പോലും പരിത്യജിച്ച അദ്ദേഹം സത്യം തേടി ഇറങ്ങിത്തിരിക്കാൻ ഉദ്ദേശിക്കുകയായിരുന്നു. ബാഗ്ദാദിൽനിന്നുമുള്ള ഈ പുറപ്പാടിന്റെ മുമ്പ്, അവസാനമായി വിരചിതമായ അദ്ദേഹത്തിന്റെ രചനയാണ് കിത്താബുൽ മുസ്തസ്ഹിരി. പിന്നീട് 1095 ൽ മരിക്കുന്നതുവരെ പുതിയൊരു ജീവിതമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആത്മീയ രൂപാന്തീകരണം നിരന്തരമായ അന്വേഷണയാത്രയിലൂടെ സൂഫിസത്തിലാണ് സത്യമെന്ന് ഗസ്സാലി തിരിച്ചറിഞ്ഞു. തുടർന്നുള്ള ജീവിതത്തിൽ ആത്മീയ രൂപാന്തീകരണത്തിന് വിധേയനായ അദ്ദേഹം സൂഫീ പരിവേഷത്തിലാണ് ജീവിച്ചിരുന്നത്. ചിന്തക്കും ഇന്ദ്രിയങ്ങൾക്കുമപ്പുറത്തുള്ള ഈ ധാരയിലാണ് അതീവ ജാഗ്രത നൽകേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കി. തീർച്ചയായും ഈ പാതയിലാണ് ഒരാൾക്ക് ദൈവത്തെ നേരിൽ അനുഭവിക്കാൻ സാധിക്കുന്നത്. പ്രവാചകന്മാർ പോലും ദൈവിക വെളിപാടുകൾ സ്വീകരിക്കുന്നത് ഇത്തരമൊരു വഴിയിലാണെന്ന് അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞു. ഇത്തരമൊരു അനുഭവമുണ്ടാകുന്നതിലൂടെ ഏതൊരാൾക്കും തന്റെ സർവ്വ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുന്നതാണ്. മാത്രമല്ല, അവൻ പരമ സത്യത്തിന്റെ ഗുണഭോക്താവായി മാറുന്നതുമാണ്. പതിനൊന്നു വർഷങ്ങൾക്കുശേഷം, ഗസ്സാലി വീണ്ടും തന്റെ അദ്ധ്യാപനത്തിന്റെ വഴിയിലേക്കുതന്നെ തിരിച്ചുവന്നു. ഇസ്‌ലാമിക സൂഫിസത്തിലൂടെ മോചനപാത കണ്ടെത്തിയ, സമർപ്പിതനായ ഒരു മത തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ശിഷ്ടകാലം സൂഫീ ആശയങ്ങളിൽ സമർപ്പിതനായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. ബൃഹത്തായ അനവധി ഗ്രന്ഥങ്ങളുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില രചനകളാണ് അൽ മുൻഖിദു മിനള്ളലാൽ, തഹാഫുത്തുൽ ഫലാസിഫ, ഇഹ്‌യാഉ ഉലൂമിദ്ദീൻ എന്നിവ. തന്റെ ആന്തരിക സംഘട്ടനങ്ങളെക്കുറിച്ചും ബൗദ്ധിക പുരോഗതിയെക്കുറിച്ചും സൂഫിസത്തിലൂടെ മോചനം വരിച്ചതിനെക്കുറിച്ചുമാണ് അൽ മുൻഖിദു മിനള്ളലാൽ പ്രതിപാദിക്കുന്നത്. സ്വന്തം ജീവിതയാത്രയുടെ പ്രകാശനമായതുകൊണ്ടുതന്നെ ഒരു ആത്മകഥയോട് ഇത് അടുത്തുനിൽക്കുന്നു. ‘ദ കൺഫെശ്യൻ ഓഫ് സെന്റ് അഗസ്റ്റിൻ’ (സെന്റ് അഗസ്റ്റിന്റെ കുമ്പസാരം) എന്ന പുസ്തകത്തോടാണ് പാശ്ചാത്യന്മാർ ഇതിനെ താരതമ്യപ്പെടുത്തുന്നത്. സൂഫീധാരയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അനുവർത്തിക്കാനുള്ള നിർദ്ദേശങ്ങളുടെതാണ് തന്റെ ബിദായത്തുൽ ഹിദായ. തത്ത്വചിന്തയെക്കുറിച്ച് ആഴത്തിൽ പഠിച്ച ശേഷം, ഗസ്സാലി സംശയാസ്പദമായ ഇസ്‌ലാമിക് തിയോളജിയെയും ഗ്രീക്ക് ഫിലോസഫിയെയും നിശിതമായി വിമർശിച്ചുകൊണ്ട് ഒരു പുസ്തകമെഴുതി. അതായിരുന്നു തഹാഫുത്തുൽ ഫലാസിഫ. ഇബ്‌നു സീനയെപോലുള്ള (യാഥാസ്തികതയെ എതിർത്ത) നിയോപ്ലാറ്റോണിക് മുസ്‌ലിം തത്ത്വചിന്തകന്മാർക്കുള്ള ശക്തമായ മറുപടിയായിരുന്നു ഇത്. പാരമ്പര്യം, ബുദ്ധി, സൂഫിസം എന്നിങ്ങനെ മൂന്ന് സ്രോതസ്സുകളിൽനിന്നുള്ള മത ചിന്തകളുടെ സമ്മിശ്ര അവതരണമാണ് ഇഹ്‌യാഉ ഉലൂമിദ്ദീൻ. ഖുർആൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ഗ്രന്ഥമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഗോളശാസ്ത്രത്തിലും ഗസ്സാലി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. മദ്ധ്യകാലത്തുതന്നെ അദ്ദേഹത്തിന്റെ രചനകൾ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഗസ്സാലീ ചിന്തകൾക്കുള്ള അംഗീകാരമായിരുന്നു ഇത്. ചിന്താതീതമായ സത്യം തന്റെ തത്ത്വചിന്താപരമായ നിബന്ധങ്ങളിൽ, പരമസത്യത്തെ പ്രാപിക്കുന്ന വിഷയത്തിൽ യുക്തിയുടെ അശക്തതയെ ഇമാം ഗസ്സാലി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്തി ഒരിക്കലും പൂർണ്ണമല്ലെന്നും അത് നിരീക്ഷണങ്ങളിൽ മാത്രം പരിമിതവുമാണെന്നും അദ്ദേഹം പറയുന്നു. പ്രപഞ്ചത്തെക്കുറിച്ച് പല മുസ്‌ലിം തത്ത്വചിന്തകന്മാരും വെച്ചുപുലർത്തിയ വീക്ഷണങ്ങൾക്കുവിരുദ്ധമായി, സ്ഥലത്തിലും സമയത്തിലും പരിമിതമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. യുക്തിക്കും മതത്തിനും ഇടയിൽ ഒരു പ്രത്യേക ബാലൻസ് നിലനിർത്തുന്നതായിരുന്നു ഗസ്സാലിയുടെ തർക്കശാസ്ത്ര വീക്ഷണം. യുക്തിയെ പരിമിതവും മതത്തെ അപരിമേയവുമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഈ വീക്ഷണം യാഥാസ്തിക ഇസ്‌ലാമിനും സൂഫിസത്തിനും ഏറെ ഉപകാരം ചെയ്യുന്നതായിരുന്നു. അടിസ്ഥാനപരമായിത്തന്നെ സൂഫിസത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ആളായിരുന്നു ഗസ്സാലി. പരമ്പരാഗത ഇസ്‌ലാമിന്റെ ശാക്തീകരണമായിരുന്നു ഇതിലൂടെ നടന്നിരുന്നത്. അല്ലാഹുവിനെ വരിക്കാനുള്ള നേർപാതയാണ് സൂഫിസമെന്ന് അദ്ദേഹം പറയുകയുണ്ടായി. എ.ഡി 1111 ഡിസംബർ 18 ന് മരണം വരിക്കുന്നതിനു മുമ്പുതന്നെ, പ്രായോഗിക ഇസ്‌ലാമിക ചിന്ത, വിശ്വാസരംഗം, ധൈഷണിക രംഗം എന്നീ മൂന്നു തലങ്ങളിലും മുസ്‌ലിംലോകത്തെ അത്യുന്നതചിന്തകൻ എന്ന അംഗീകാരം സ്വന്തം ജന്മ നാടായ തൂസിൽ തന്നെ ഇമാം ഗസ്സാലിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളിലൂടെ, അന്നേവരെ രഹസ്യമായി നിലകൊണ്ട സൂഫിസത്തിന് പൊതുതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. (കടപ്പാട്; www.Islamonweb.net ; may 26-2012)

Comments

Popular posts from this blog

എം.കെ. സാനു